തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനി ലിഗ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
ലിഗയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപിയെ കണ്ട് ലിഗയുടെ സഹോദരി പരാതി അറിയിച്ചിരുന്നു. സാധ്യമായ സഹായമെല്ലാം അപ്പോള്‍ തന്നെ ചെയ്തു നല്‍കിയിരുന്നു. ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും അവര്‍ വന്നു. അന്ന് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കാണാന്‍ സാധിച്ചതുമില്ല. കാണാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് എന്താണ് തടസമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. വസ്തുതകള്‍ അറിയാതെ നവമാധ്യമങ്ങള്‍ വഴി കുറെ ആള്‍ക്കാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ലിഗയെ കാണാതായതിന് പിന്നാലെ സഹോദരിയുടെ സുരക്ഷ കണക്കിലെടുത്ത് പോലീസ് ക്ലബില്‍ താമസമൊരുക്കിയിരുന്നു. ലിഗയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പോലീസിന്േറത്. എന്നാല്‍ അതിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ ഇനി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശ വനിതയുടെ മരണത്തിന് പിന്നാലെ കേരളം വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത സ്ഥലമല്ലെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നും അത് തന്നെയാണ് പൊതുധാരണയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.













Discussion about this post