തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് പള്ളിപ്പുറം കാരമൂടുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ ഭൂമിയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കമ്പനിയുടെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് റൂറല്‍ എസ്പി അശോക് കുമാറിന്റെയും പോത്തന്‍കോട് സിഐ ഷാജിയുടെയും നേതൃത്വത്തില്‍ ഡോഗ് സ്‌ക്വഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ദ പരിശാധനയ്ക്കായി അസ്ഥികൂടങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും പോലീസ് തുടര്‍ അന്വേഷണം നടത്തുക. സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആള്‍പാര്‍പ്പില്ലാത്ത വിജനമായ പ്രദേശമാണ് കാരമൂട്. ഇത് വഴി കടന്നു പോകുന്ന റോഡിന് ഇരു വശവും മാലിന്യനിക്ഷേപം പതിവാണ്. അതിനാല്‍ റോഡില്‍ നിന്നും ചുറ്റു മതിലിനുള്ളിലേയ്ക്ക് അസ്ഥികൂടം എറിഞ്ഞതാവാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.
Discussion about this post