കോട്ടയം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി കോട്ടയം ജില്ലാകമ്മിറ്റിയുടെയും നിയന്ത്രണത്തിലുള്ള കാളിമലയില്‍ ദേവീ വിഗ്രഹപ്രതിഷ്ഠാ കര്‍മ്മം നടക്കുന്നു. ഏപ്രില്‍ 30ന് രാവിലെ 11.30നും 15.15നും മദ്ധ്യേ കര്‍ക്കിടകം രാശി ശുഭമുഹൂര്‍ത്തത്തില്‍ ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹനീയ നേതൃത്വത്തില്‍ തന്ത്രി കക്കാട് എഴുന്തോലില്‍ സതീഷ് ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജാദികളോടുകൂടി പ്രതിഷ്ഠാകര്‍മം നടക്കും.
ഏപ്രില്‍ 30ന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ നിര്‍വഹിക്കും. എസ്.ആര്‍.ഡി.എം.യൂ.എസ് കോട്ടയം ജില്ലാപ്രസിഡന്റ് ഡോ.ഇ.എന്‍.രാമാനുജന്‍ നായര്‍ സ്വാഗതപ്രസംഗം നടത്തും. എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രം കാര്യദര്‍ശി സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ക്ഷേത്രസമര്‍പ്പണം നിര്‍വഹിക്കും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി സതീഷ് ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു ജോണ്‍, വാര്‍ഡ് മെമ്പര്‍ വല്‍സമ്മ മാണി മംഗലപ്പള്ളി, എസ്.ആര്‍.ഡി.എം.യൂ.എസ് സംസ്ഥാന വൈസ് പ്രഡിഡന്റ് പ്രൊഫ.ജയന്തി പിള്ള, പനച്ചിക്കാട് ദക്ഷിണമൂകാംബികാ ക്ഷേത്രം മാനേജര്‍ നാരായണന്‍ നമ്പൂതിരി, കോതക്കുളങ്ങര ദേവസ്വം പ്രസിഡന്റ് അജിത് ഞായിപ്പള്ളിയില്‍, ഉദിയ്ക്കാമല ധര്‍മ്മശാസ്താക്ഷേത്രം പ്രസിഡന്റ് ബാലന്‍, രാജ് കിരണ്‍, എസ്.ആര്‍.ഡി.എം.യൂ.എസ് കോട്ടയം ജില്ലാസെക്രട്ടറി രാജു ഏറ്റുമാനൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനാനന്തരം അമൃതഭോജനവും തുടര്‍ന്ന് വൈകുന്നേരം 6.30ന് ദീപാരാധനയും ദീപക്കാഴ്ചയും ഉണ്ടായിരിക്കും. വൈകുന്നേരം 7.00ന് ശ്രീഭദ്രാ ഭജന്‍സ് വെള്ളൂത്തുരുത്തി അവതരിപ്പിക്കുന്ന ഈശ്വരനാമാര്‍ച്ചനയും നടക്കും.
Discussion about this post