തിരുവനന്തപുരം: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ സഹായധനം നല്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് ത്രീ തസ്തികയിലായിരിക്കും നിയമനം.
പോലീസ് മര്‍ദനംമൂലം മരിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന നിലവിലെ രീതി മാറണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍തന്നെ ആ ബാധ്യത വഹിക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന തുക ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനും തീരുമാനമായി. എന്നാല്‍ പ്രതികളായ പോലീസുകാര്‍ കുറ്റക്കാരെന്നു കണ്ടെത്തേണ്ടതുണ്ട്. കോടതിവിധി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.
Discussion about this post