ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ ഗതി നിര്‍ണയ ഉപഗ്രഹത്തിനു വേണ്ടിയുള്ള ആറ്റോമിക് ക്ലോക്ക് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു. അഹമ്മദാബാദ് കേന്ദ്രമായുള്ള സ്പേസ് ആപ്ലിക്കേഷന്‍ സെന്ററാണ് ആറ്റോമിക് ക്ലോക്ക് വികസിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലെ എയ്റോസ്പേസ് നിര്‍മാതാക്കളായ ആസ്ട്രിയം ആണ് ഇതുവരെ ഇന്ത്യക്കു വേണ്ടി ആറ്റോമിക് ക്ലോക്കുകള്‍ നിര്‍മിച്ചിരുന്നത്.
ക്ലോക്ക് നിര്‍മാണം പൂര്‍ത്തിയായതായും അതിന്റെ ക്വാളിഫിക്കേഷന്‍ ടെസ്റ്റുകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സാക് ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു. ടെസ്റ്റുകളെല്ലാം പൂര്‍ത്തിയായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഗതി നിര്‍ണയ ഉപഗ്രഹത്തില്‍ ഘടിപ്പിച്ച് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കം സ്പേസ് ഓര്‍ഗനൈസേഷനുകള്‍ക്കു മാത്രമാണ് ഇത്തരം ഉന്നത സാങ്കേതിക സംവിധാനങ്ങള്‍ സ്വന്തമായുള്ളത്. ആറ്റോമിക് ക്ലോക്ക് വികസിപ്പിക്കുന്നതിലൂടെ, ഐ.എസ്.ആര്‍.ഒയും ഈ പട്ടികയില്‍ ഇടം പിടിക്കും. ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കിന്റെ ഡിസൈനും ടെക്നോളജിയും തങ്ങള്‍ക്കറിയില്ലെന്നും ദേശി ക്ലോക്കില്‍ സ്വന്തമായി വികസിപ്പിച്ച ഡിസൈനും സാങ്കേതിക വിദ്യയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും തപന്‍ മിശ്ര വ്യക്തമാക്കി.
ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായി മുന്‍പ് വിക്ഷേപിച്ചിട്ടുള്ള ഏഴ് ഗതിനിര്‍ണയ ഉപഗ്രഹങ്ങളിലും ഇംപോര്‍ട്ട് ചെയ്ത ആറ്റോമിക് ക്ലോക്കുകളായിരുന്നു ഉപയോഗിച്ചത്.
Discussion about this post