ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ എം.പിയെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മരണം ആത്മഹത്യയാണെങ്കിലും ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ചുള്ള കേസാണ് ശശി തരൂരിനു മേല്‍ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.
2014 ജനുവരി 17 ന് ഡല്‍ഹിയിലെ ലീലാ ഹോട്ടലിലാണ് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പുറത്തുവന്ന ആദ്യ വാര്‍ത്തകളില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും തരൂരിന് വിവാദ പാകിസ്ഥാന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധവും ചര്‍ച്ചയായിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്ന ആരോപണവും ഉയര്‍ന്നു.
സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്നുമാണ് ശശി തരൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. സുനന്ദ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ വിവരങ്ങളും അന്വേഷണസംഘം തരൂരിനോട് ആരാഞ്ഞു. മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരുന്ന അല്‍പ്രാക്സ് മരുന്നുകള്‍ സുനന്ദയ്ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളും അന്വേഷണസംഘം തരൂരിനോട് ചോദിച്ചു.സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും മരിക്കുന്നതിന് തലേന്ന് തരൂരും സുനന്ദയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചിരുന്നു.












