തിരുവനന്തപുരം: വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഫോറസ്റ്റ് അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. വെളളറടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിനാശം, വന്യ മൃഗശല്യം, മനുഷ്യ -വന്യജീവി സംഘര്‍ഷം, നഷ്ടപരിഹാരം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിട്ട് വനം വകുപ്പ് അധികാരികളെ അറിയിക്കാനുളള അവസരമൊരുക്കുകയാണ് ഫോറസ്റ്റ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ട പരാതികളൊഴികെ മറ്റെല്ലാത്തിലും സത്വര നടപടികളെടുക്കാന്‍ അദാലത്തുകള്‍ ഉപകാരപ്പെടും. ഇത്തരത്തിലുളള ആദ്യ അദാലത്ത് ആനപ്പാറ ഫോറസ്റ്റ് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുമെന്നും വിജയകരമാണെങ്കില്‍ സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ -വന്യ ജീവി സംഘര്‍ഷം ഒഴിവാക്കി സമാധാന ജീവിതം ഉറപ്പാക്കുന്നതിന് വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ ജനജാഗ്രതാ സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനോടകം 204 ജനജാഗ്രതാസമിതികള്‍ പ്രവര്‍ത്തനക്ഷമായിക്കഴിഞ്ഞു.
വനം വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പേപ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ഐ.ബി ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
25 വര്‍ഷമായി പണിമുടങ്ങിക്കിടന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 500 ഓളം പേര്‍ക്കിരിക്കാവുന്ന ഹാളും 350 പേര്‍ക്കുളള സദ്യാലയവും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കായുളള വിശ്രമ മുറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Discussion about this post