ന്യൂഡല്‍ഹി: ദേശീയ ജൈവ ഇന്ധന നയത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കേടായ ഭക്ഷ്യധാന്യങ്ങള്‍, മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, മധുരക്കിഴങ്ങ്, മക്കച്ചോളം തുടങ്ങിയവയില്‍നിന്നുള്ള എഥനോളും പെട്രോളില്‍ ചേര്‍ക്കാന്‍ അനുവദിച്ചതാണു ഇന്ധനവിപണിയിലെ സുപ്രധാനമായ നേട്ടം.
ഇതുവരെ കരിന്പില്‍നിന്നുള്ള എഥനോള്‍ മാത്രമേ പെട്രോളില്‍ ചേര്‍ക്കാമായിരുന്നുള്ളൂ. ജൈവ ഇന്ധനങ്ങളെ മൂന്നു വിഭാഗമായി തിരിക്കുന്നതാണു കാബിനറ്റ് ഇന്നലെ അംഗീകരിച്ച നയം. ഒന്നാം തലമുറ ഇന്ധനങ്ങളില്‍ മൊളാസസില്‍നിന്നുള്ള എഥനോള്‍, ഭക്ഷ്യേതര എണ്ണക്കുരുക്കളില്‍നിന്നുള്ള ജൈവ ഡീസല്‍ എന്നിവ പെടുന്നു. രണ്ടാം തലമുറയില്‍ മുനിസിപ്പല്‍ ഖരമാലിന്യങ്ങളില്‍നിന്നുണ്ടാകുന്ന എഥനോള്‍ പെടും. മൂന്നാം തലമുറയില്‍ ജൈവ സിഎന്‍ജി പെടുന്നു.
പുതിയ നയം ഇക്കൊല്ലം തന്നെ ഇറക്കുമതിച്ചെലവില്‍ 4000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുമെന്നു ഗവണ്‍മെന്റ് കരുതുന്നു. ഒരു ലിറ്റര്‍ ജൈവ എഥനോള്‍ പെട്രോളില്‍ ചേര്‍ത്താല്‍ 28 രൂപയുടെ വിദേശനാണ്യമാണു ലാഭിക്കുക. ഇക്കൊല്ലം 150 കോടി ലിറ്റര്‍ എഥനോള്‍ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ.
പുതിയ നയം പ്രാവര്‍ത്തികമാകുന്നതിലൂടെ ഉത്തരേന്ത്യയില്‍ വ്യാപകമായ പാടം കത്തിക്കല്‍ കുറയ്ക്കും. മിച്ചം വരുന്നതും കേടായതുമായ ധാന്യങ്ങള്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതു മലിനീകരണവും കുറയ്ക്കും.
പട്ടണങ്ങളിലെ ഖരമാലിന്യത്തില്‍നിന്നു ജൈവ ഇന്ധനം ഉണ്ടാക്കുന്ന പ്ലാന്റുകള്‍ തുടങ്ങുന്നവര്‍ക്കു പ്രവര്‍ത്തനം ലാഭകരമാക്കാന്‍ വേണ്ട സബ്‌സിഡി നല്കും. എണ്ണക്കമ്പനികള്‍ രാജ്യത്തു 12 പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ട്. 10,000 കോടി രൂപയാണ് ഇതിനു വേണ്ട ചെലവ്.
Discussion about this post