ന്യൂഡല്‍ഹി: അലാഹാബാദ് ബാങ്കിനു പുതിയ വായ്പകള്‍ അനുവദിക്കുന്നതടക്കം പല കാര്യങ്ങളിലും വിലക്ക്. റിസര്‍വ് ബാങ്കാണ് ഈ പൊതുമേഖലാ ബാങ്കിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടെ വിലക്കുകള്‍ നേരിടുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം രണ്ടായി. കഴിഞ്ഞയാഴ്ച ദേന ബാങ്കിനും ഇതേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
കോല്‍ക്കത്ത ആസ്ഥാനമായുള്ള അലാഹാബാദ് ബാങ്ക് നേതൃപ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് വിലക്ക്. ബാങ്ക് മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറു(സിഇഒ)മായ ഉഷ അനന്തസുബ്രഹ്മണ്യനെ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നല്കിയ നിര്‍ദേശപ്രകാരം ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഉഷ പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ എംഡി ആയിരുന്നപ്പോഴാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പു കേസില്‍ സിബിഐ കഴിഞ്ഞദിവസം ഉഷയെയും മറ്റും ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ത്വരിത തിരുത്തല്‍ നടപടി (പ്രോംറ്റ് കറക്ടീവ് ആക്ഷന്‍-പിസിഎ) പ്രകാരം നിരീക്ഷണത്തിലുള്ള 11 പൊതുമേഖലാ ബാങ്കുകളില്‍പ്പെട്ടതാണ് ഇവ രണ്ടും. പ്രശ്‌നവായ്പകള്‍ വര്‍ധിച്ചതും മൂലധനം കുറവായതും അടക്കം പല കാര്യങ്ങള്‍ നോക്കിയാണ് ബാങ്കുകളെ പിസിഎയില്‍പ്പെടുത്തിയത്. ഈ പട്ടികയില്‍ വരുന്ന ബാങ്കുകള്‍ ശാഖ തുറക്കുന്നതും നഷ്ടസാധ്യത കൂടിയ മേഖലകള്‍ക്കു പുതിയ വായ്പ കൊടുക്കുന്നതും അനുവദിക്കില്ല. കൂടുതല്‍ മോശമാകുന്‌പോഴാണ് പുതിയ വായ്പകള്‍ക്കും നിയമനങ്ങള്‍ക്കും മൊത്തം വിലക്കുവരുന്നത്.
Discussion about this post