* സംസ്ഥാനമെങ്ങും വിവിധ പരിപാടികള്‍
* ഔദ്യോഗിക ഉദ്ഘാടനം മേയ് 18 ന് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും
* സമാപനം മേയ് 30ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മേയ് 18 മുതല്‍ 30 വരെ സംസ്ഥാനമാകെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് 18ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കണ്ണൂര്‍ മേയര്‍ ഇ.പി. ലത, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്വാഗതവും ചീഫ് സെക്രട്ടറി പോള്‍ ആന്റണി നന്ദിയും പറയും. ‘സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
രാത്രി 7.30ന് പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിമീഡിയ ഷോ ‘ഉദയപഥം’ അരങ്ങേറും. വ്യത്യസ്തമായ രീതിയില്‍ സര്‍ക്കാരിന്റെ ജനക്ഷേമനടപടികള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണകോണിലൂടെ അനുഭവവേദ്യമാക്കുന്ന ഷോയാണിത്. തുടര്‍ന്ന്, ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്താവതരണമുണ്ടാകും. വിജയ് യേശുദാസ് നയിക്കുന്ന പ്രമുഖ ചലച്ചിത്രപിന്നണി ഗായകരുടെ ഗാനമേളയും തുടര്‍ന്ന് നടക്കും.
Discussion about this post