കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിംഗിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കോടതി റിപ്പോര്‍ട്ടിംഗിനു മാര്‍ഗനിര്‍ദേശവും ചാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണവും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പതിനൊന്നോളം ഹര്‍ജികളാണ് ഇന്ന് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിനു കൈമാറിയത്. ഹര്‍ജിയില്‍ കോടതിയുടെ വിശദമായ വിശകലനവും ഇടപെടലും വേണമെന്ന് ജസ്റ്റിസ് സി.എന്‍ രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാധ്യമങ്ങള്‍ മുന്നോട്ടു പോകണം.
സഹാറ കേസിലെ സുപ്രിം കോടതിയുടെ വിധി മുന്നിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി തീരുമാനത്തോടെ പുതിയ ബഞ്ച് രൂപീകരിച്ച് കേസ് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും. നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നത് ഈ മാസം 28നാണ് അതിന് ശേഷം പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കണം. പിന്നീടാണ് വിശാല ബഞ്ച് രൂപീകരിക്കുക. ഇതോടെ സ്വഭാവികമായും തീരുമാനം നീണ്ടു പോകാനാണ് സാധ്യത.
കോടതികളില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണം. അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണം എന്നിങ്ങനെ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടു വരണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേരളത്തിലെ ബാര്‍ അസോസിയേഷനുകള്‍, ബാര്‍ കൗണ്‍സില്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. 2016 ജൂലായില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കേസില്‍ മറ്റുള്ളവര്‍ കക്ഷി ചേരുകയും മാധ്യമനിയന്ത്രണം ആവശ്യപ്പെടുകയുമായിരുന്നു.
Discussion about this post