* ഇടക്കൊച്ചി ഗവ ഡെമോണ്‍സ്‌ട്രേഷന്‍ മത്സ്യക്കൃഷി ഫാം ഉദ്ഘാടനം ചെയ്തു
കൊച്ചി: സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യഉത്പാദനവര്‍ദ്ധനവ് ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. മത്‌സ്യ ഉത്പാദനം 40000 ടണില്‍ നിന്ന് 80000 ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ആധുനിക കൃഷിരീതിയിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. 10 ഫാമുകള്‍ മാതൃകാ ഫാമുകളായി വികസിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ അഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടക്കൊച്ചി ഗവ ഡെമോണ്‍സ്‌ട്രേഷന്‍ മത്സ്യക്കൃഷി ഫാമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇടക്കൊച്ചി ഫാം പുനര്‍നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കുന്ന പദ്ധതിക്ക് 13 കോടി രൂപയാണ് അനുവദിച്ചത്. മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് ഫാം പുനര്‍നിര്‍മിച്ചെതന്ന് മന്ത്രി പറഞ്ഞു. കൂടുകൃഷിയുള്‍പ്പെടെയുള്ള വിവിധ തരം ഓരുജല മത്സ്യക്കൃഷി ഇവിടെ നടപ്പാക്കുന്നുണ്ട്. മത്സ്യവിത്തുകള്‍ നിക്ഷേപിച്ചുകൊണ്ട് കരിമീന്‍ മത്സ്യങ്ങളുടെ കൂടുകൃഷിക്കും മന്ത്രി തുടക്കം കുറിച്ചു. പൊക്കാളികര്‍ഷകര്‍, ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പ്രായോഗികമായി സഹകരണം ഉറപ്പാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും ധനസഹായവിതരണവും ജെ മേഴ്‌സിക്കുട്ടി അയമ്മ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളെ പൊതുധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നും പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. മത്സ്യമേഖലയില്‍ വീടും ഭൂമിയും കൂടി വാങ്ങാന്‍ 10 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി വാങ്ങി നല്കുന്ന ഭൂമിയുടെ ആധാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ജില്ലയില്‍ 84 പേര്‍ക്കാണ് ഭവനനിര്‍മാണത്തിനായുള്ള ഭൂമിയുടെ ആധാരം ലഭിച്ചത്. ഭവനനിര്‍മാണത്തിനായുള്ള ആദ്യഗഡു 56 പേര്‍ക്ക് നല്കി. ബിസിനസ് നവീകരണത്തിനായി സാഫ് അനുവദിക്കുന്ന ധനസഹായവും മത്സ്യഫെഡ് അനുവദിക്കുന്ന പലിശരഹിതവായ്പയും മന്ത്രി വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മാരകരോഗ ചികിത്സാ ധനസഹായവും മന്ത്രി വിതരണം ചെയ്തു.
Discussion about this post