ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണു നിയമനം.
എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടാണ് ഉമ്മന്‍ ചാണ്ടിയെ ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
ലോക്‌സഭാ എംപിയും ആസാമില്‍നിന്നുള്ള യുവ നേതാവുമായ ഗൗരവ് ഗോഗോയിയെയും എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ആസാമിലെ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകനാണ് ഗൗരവ് ഗോഗോയി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയാണ് ഗൗരവ് ഗോഗോയിക്കു നല്‍കിയിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതല നേരത്തെ സി.പി. ജോഷിക്കായിരുന്നു. ഉമ്മന്‍ ചാണ്ടിയും ഗൗരവ് ഗോഗോയിയും ജനറല്‍ സെക്രട്ടറിമാരായി ഉടന്‍ ചുമതലയേല്‍ക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. എ.കെ. ആന്റണി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രപ്രദേശിന്റെ ചുമതല നല്‍കിയതിലൂടെ വലിയ ഉത്തരവാദിത്തമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിയാതിരുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടെ അടുത്തുനിര്‍ത്തി മുന്നണിബന്ധം മെച്ചപ്പെടുത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്. ഈയിടെ തെരഞ്ഞെടുപ്പു കഴിഞ്ഞ കര്‍ണാടകയില്‍ കോണ്‍ഗ്രസിനുവേണ്ടി ഉമ്മന്‍ ചാണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
Discussion about this post