കോട്ടയം: കെവിന്റെ മരണത്തിന് കാരണം പൊലീസ് അനാസ്ഥയാണെന്നാരോപിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശനിയാഴ്ച്ച രാവിലെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറിന് ഗുരുതരമായ വീഴ്ച്ച ഉണ്ടായതായി പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് പരാതി ലഭിച്ചിട്ടും, യുവാവിന്റെ ജീവന്‍ അപകടത്തിലാണെന്നു മനസിലായിട്ടും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നിലപാടിനെതിരെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ എസ്പി മുഹമ്മദ് റഫീഖിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു. എസ്പിക്കു നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ കൊടി ഉപയോഗിച്ച് എസ്പിയെ തല്ലുകയായിരുന്നു. വിഷയത്തില്‍ എസ്പിയെ സ്ഥലം മാറ്റിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളാന്‍ വൈകിയതിനാണ് സ്ഥലം മാറ്റിയത്. അതേ സമയം കെവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
Discussion about this post