കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യസഹോദരനും സിപിഎം സംഘവും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നട്ടാഞ്ചേരിയിലെ കെവിന്റെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് മൂന്നു മണിക്ക് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തും.
അതേസമയം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്കു മുന്നില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധവുമായെത്തിയ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തമ്മിലാണ് പ്രശ്നമുണ്ടായത്. തുടര്‍ന്ന് പൊലിസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
കെവിന്റെ മരണത്തിന് കാരണം പൊലീസ് അനാസ്ഥയാണെന്നാരോപിച്ച് കോട്ടയം ജില്ലയില്‍ ബിജെപിയും യുഡിഎഫും ബിഎസ്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേരള കോണ്‍ഗ്രസ് എം, കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍സ്, കേരള പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി, അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ എന്നിവരും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












