* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ മേന്‍മ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്ന ഗവേഷണവികസന സ്ഥാപനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ലോകനിലവാരത്തിലേക്ക് നമുക്കുയരാനാകണം. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില രോഗങ്ങള്‍ വരുമ്പോള്‍ തുടര്‍നിഗമനങ്ങളിലെത്താന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കിടെയുള്ള വൈറസ് രോഗങ്ങള്‍ കൃത്യമായി മനസിലാക്കാനും എങ്ങനെ നേരിടണമെന്നതും ഇത്തരം ഗവേഷണ സ്ഥാപനങ്ങള്‍ ആവശ്യമാണ്. അത്യാധുനികവും അതിശാസ്ത്രീയവുമായ ഗവേഷണസംവിധാനങ്ങള്‍ ഇനിയും നമ്മുടെ നാട്ടില്‍ വളര്‍ന്നുവരണം.
സര്‍വമേഖലയിലും വളര്‍ച്ചയുണ്ടാവാന്‍ ആരോഗ്യകരമായ സമൂഹമുണ്ടാവണം. അത്തരം സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള ഗവേഷണസ്ഥാപനങ്ങള്‍ പരമപ്രധാനമാണ്. പ്രതിരോധമാര്‍ഗങ്ങള്‍ അപഗ്രഥിക്കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ടിനാകണം.
ശാസ്ത്രരംഗത്ത് പലകാര്യങ്ങളിലും കേരളം മുന്‍പന്തിയിലാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കൂട്ടായപ്രവര്‍ത്തനം വിലപ്പെട്ട സംഭാവനയാണ് നല്‍കുന്നത്. അതുകൊണ്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യചുമതല അവര്‍ക്ക് നല്‍കിയത്. സ്ഥാപനത്തിന്റെ നേതൃത്വത്തിലും മികവുള്ളവരെ എത്തിക്കാനും ലോകത്തെ വന്‍കിട ഗവേഷണസ്ഥാപനങ്ങളുടെ ശൃംഖലയില്‍ കണ്ണിചേരാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയണം.
നിഷ്‌കാസനം ചെയ്‌തെന്ന് കരുതിയ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്നതും, കേള്‍ക്കാത്ത രോഗങ്ങളും ജീവിതശൈലീരോഗങ്ങളും നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാകണം. ഈവര്‍ഷം അവസാനത്തോടെ സ്ഥാപനം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ഏകോപിപ്പിക്കാനാകണം. ആര്‍ദ്രം മിഷന്റെ ഇടപെടലും ആരോഗ്യരംഗത്ത് മുന്നോട്ടുപോകുന്നതില്‍ നല്ലൊരു കാല്‍വെപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷത വഹിച്ചു. ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുത്തന്‍ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് യാഥാര്‍ഥ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാടിനഭിമാനമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി കൂടുതല്‍ സ്ഥലം ആവശ്യമെങ്കില്‍ കെ.എസ്.ഐ.ഡി.സി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തിയ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് സയന്‍സ് പാര്‍ക്കിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായമാകുന്ന സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മെഡിക്കല്‍ കോളജുകളില്‍ വിപുലമാക്കുന്ന ലാബുകളുടെ അപെക്‌സ് ലാബായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രമാണ് തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന നിപ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കു വിധേയമായി ബയോ സേഫ്റ്റി ലെവല്‍3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക.
ആദ്യഘട്ടത്തിനുള്ള 25,000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീഫാബ് രീതിയില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനുള്ള നടപടികളായിട്ടുണ്ട്. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 സ്‌ക്വയര്‍ഫീറ്റ് പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിന് ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലകള്‍. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും.
Discussion about this post