കോഴിക്കോട്: മലബാര്‍ മേഖലയില്‍ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കയൊഴിയുന്നു. ഞായറാഴ്ചയും ഇന്നുമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 22 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇതുവരെ ലഭിച്ച 227 സാമ്പിള്‍ പരിശോധനാഫലങ്ങളില്‍ 18 എണ്ണത്തില്‍ മാത്രമാണ് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു.
നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡേമോളജിയിലെ വിദഗ്ദസംഘം മന്ത്രി കെ.കെ. ശൈലജയുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. അതിനുശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിനിടെ വിഡിയോ കോണ്‍ഫറന്‍സിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചിരുന്നു.
മേയ് 17ന് ശേഷം ആര്‍ക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗബാധ നിയന്ത്രണമായതിന്റെ സൂചനയാണിതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം.
Discussion about this post