തിരുവനന്തപുരം: പ്രമുഖ ഭാഷാപണ്ഡിതനായ പന്മന രാമചന്ദ്രന്‍ നായര്‍(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി-സംശയപരിഹാരങ്ങള്‍, നല്ല ഭാഷ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
1931 ആഗസ്റ്റ് 13 ന് കൊല്ലം കരുനാഗപ്പള്ളിയില്‍ കുഞ്ചു നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക മകനായി ജനനം. കരുനാഗപ്പള്ളി ഹൈസ്‌കൂളില്‍ ഇഎസ്എല്‍സി. പാസ്സായി. ഇന്റര്‍മീഡിയറ്റ് കോളേജിലെ പഠനത്തെ തുടര്‍ന്ന് കൊല്ലം എസ്. എന്‍. കോളേജില്‍ നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കി. 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം. എ. മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവര്‍മ്മ പുരസ്‌കാരം നേടി.
കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു. 2010 ല്‍ സ്മൃതി രേഖകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.
Discussion about this post