തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി വൈസ് പ്രസിഡന്റ് ബി.കെ ശേഖറിന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ രാഷ്‌ട്രീയ, സാംസ്കാരിക, മേഖലകളിലെ നിരവധിപ്പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
മന്ത്രി പി.കെ.ഗുരുദാസന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ തുടങ്ങിയവരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം രാവിലെ 11.30ഓടെ ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി സ്‌മൃതി മന്ദിരത്തില്‍ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ മാരാര്‍ജി ഭവനില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പിത്തസഞ്ചിയിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.10 നായിരുന്നു ശേഖറിന്റെ അന്ത്യം. ബി.ജെ.പി നേതാക്കളെല്ലാം തന്നെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥിമോര്‍ച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചേര്‍ന്ന ബി.കെ ശേഖര്‍ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയൊരു സൗഹൃദയവലയത്തിന് ഉടമയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതൃത്വത്തിലെ സൗമ്യമുഖമായിരുന്നു ബി.കെ ശേഖര്‍ എന്ന് പ്രമുഖര്‍ അനുസ്മരിച്ചു. പാര്‍ട്ടിയുമായുള്ള ബന്ധം മാത്രമല്ല വിവിധ സംഘടനകളുടെ നേതാക്കളുമായുള്ള ബന്ധംവച്ച് പുലര്‍ത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു ബി.കെ ശേഖരെന്ന് ഒ.രാജഗോപാല്‍ അനുസ്മരിച്ചു.കേരളത്തില്‍ ബി.ജെ.പിയുടെ പ്രസരിപ്പിന്റെയും പ്രസന്നതയുടെയും മുഖമായിരുന്നു ബി.കെ ശേഖറിന്റേതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ ഇത്രയും ഊര്‍ജ്വസ്വലതയുള്ള നേതാവിനെ യുവാക്കള്‍ക്കിടയില്‍ കാണാന്‍ കഴിയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള അനുസ്മരിച്ചു.
Discussion about this post