കൊച്ചി: എറണാകുളം മരടിലെ ഡേകെയര്‍ വാന്‍ അപകടത്തില്‍ ഡ്രൈവര്‍ അനില്‍ കുമാറിനെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
മരടില്‍ ഡേകെയര്‍ വാന്‍ കുളത്തില്‍ വീണുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു. വീതി കുറഞ്ഞ ചെറിയ റോഡിലൂടെ വേണ്ടത്ര ശ്രദ്ധയില്ലാതെയും അമിത വേഗതയിലുമായിരുന്നു വാന്‍ ഓടിച്ചത്. ഇതാണ് വാന്‍ കുളത്തിലേക്ക് പതിക്കാന്‍ ഇടയാക്കിയത്.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാന്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി മരട് പോലീസ് കേസെടുത്തു.
അതേസമയം സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ സുരക്ഷാ പരിശോധന പൊലീസ് നടത്തും. മരടില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പ്രദേശത്ത് പലതവണ കുളത്തില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും വേണ്ട നടപടികള്‍ എടുത്തില്ലെന്ന അക്ഷേപവും ശക്തമാണ്.
Discussion about this post