തിരുവനന്തപുരം: സി.പി.എം. അനുകൂലചാനലായ കൈരളി ടി.വി.യുടെ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. ഏപ്രില്‍ 19ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജോണ്‍ബ്രിട്ടാസിന്റെ രാജി തീരുമാനം അംഗീകരിച്ചു. കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് രണ്ടുവര്‍ഷത്തെ അവധി അനുവദിക്കണമെന്ന നിലയിലാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ജോണ്‍ ബ്രിട്ടാസിന്റെ അപേക്ഷ സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്നാണ് ബ്രിട്ടാസിന് വിട്ടുപോകാന്‍ അനുമതി നല്‍കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പുതിയ മാനേജിങ് ഡയറക്ടറെ ചെയര്‍മാന്‍ മമ്മൂട്ടി, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കാനും ധാരണയായി. ഏപ്രില്‍ 27ന് ചേരുന്ന കൈരളി ടി.വി. ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ പുതിയ മാനേജിങ് ഡയറക്ടര്‍ നിയമനം സംബന്ധിച്ച തീരുമാനമുണ്ടാകും. ഇതിനുമുന്നോടിയായി കൈരളി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളില്‍ പാര്‍ട്ടി ഫ്രാക്ഷന്‍ യോഗവും ചേരും.
എട്ടുവര്‍ഷമായി കൈരളി ടി.വി. എം.ഡി.യായി തുടരുന്ന ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടിയില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ പ്രത്യക്ഷ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ഫാരീസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതുമുതല്‍ ജോണ്‍ബ്രിട്ടാസിനെതിരെ വി.എസ്. പക്ഷം രംഗത്തുവന്നിരുന്നു.
Discussion about this post