തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ പദവി ഉയര്‍ത്താനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ പോലീസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് സ്‌റ്റേഷനുകളിലെത്തി പരാതി പറയാനുള്ള സ്ത്രീകളുടെ മാനസികാവസ്ഥ ശക്തിപ്പെട്ടുവരുന്നുണ്ട്. സ്ത്രീകള്‍ക്ക് വിശ്വസിക്കാവുന്ന അഭയസ്ഥാനം എന്ന നിലയില്‍ പോലീസ് സ്‌റ്റേഷനുകളില്‍ കടന്നു ചെല്ലാനാകണം. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും ഉത്തരവിലൂടെ നടപ്പാക്കാനാവുന്നതല്ല. മനോഭാവത്തിലും സംസ്‌കാരത്തിലും മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്തരം സ്ഥിതി സൃഷ്ടിക്കപ്പെടുകയുള്ളൂ. നിയമം കര്‍ശനമാക്കുന്നതിനൊപ്പം ഇത്തരം സംസ്‌കാരമാറ്റം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതാ സെല്ലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പോലീസ് സ്‌റ്റേഷനുകളിലെ വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനുകളോടുള്ള ഭയമാറ്റത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വനിതാ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പതിനൊന്ന് വനിതാ പോലീസുകാരാണ് വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരവും മനഃശാസ്ത്രപരവുമായ സഹായം വനിതാ സെല്ലുകളില്‍ ലഭിക്കുന്നു. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2016നെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ 2017ല്‍ കുറഞ്ഞു. 2016ല്‍ 15114 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017 ല്‍ 14250 കേസുകളാണുണ്ടായത്. പോലീസ് വിമര്‍ശനം നേരിടുന്ന മൂന്നാം മുറയും അഴിമതിയും കുറഞ്ഞു വരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post