തിരുവനന്തപുരം: ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മദ്ധ്യവേനല്‍ അവധിക്കാലത്ത് അക്കാദമികേതരവും ജീവിത നൈപുണി വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള തുടര്‍പരിശീലന പരിപാടി നടപ്പാക്കാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല എന്ന വ്യവസ്ഥയില്‍ ആയിരിക്കണം പരിശീലനം. ഇതിനുള്ള അക്കാദമിക കലണ്ടര്‍ 2018-19 അദ്ധ്യയന വര്‍ഷം തയാറാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് തുടര്‍പരിശീലനവും പരിചരണവും ആവശ്യമാണെന്ന വസ്തുത പരിഗണിച്ചാണ് കമ്മീഷന്‍ ഈ നിഗമനത്തിലെത്തിയത്. ഡിപിഐ പുറപ്പെടുവിക്കുന്ന വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറും സാമൂഹിക നീതി ഡയറക്ടറും ശ്രദ്ധിക്കേണ്ടതാണെന്നും കമ്മീഷന്‍ ഉത്തരവായി.
Discussion about this post