ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഏഴു കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കത്തിനു ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. റോഡുകള്‍ക്കുവേണ്ടി മരങ്ങള്‍ മുറിക്കുന്നതു മനസിലാക്കാം, എന്നാല്‍ ഭവനങ്ങള്‍ക്കു വേണ്ടി ഇത്രയധികം മരങ്ങള്‍ മുറിക്കുന്നത് എന്തിനെന്നു കേന്ദ്ര നിര്‍മാണ ബോര്‍ഡായ നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനോടു ഹൈക്കോടതി ആരാഞ്ഞു. ഡല്‍ഹിയിലെ അവസ്ഥയില്‍ മരങ്ങള്‍ മുറിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതം കണക്കാക്കിയിട്ടുണ്ടോയെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി തേടിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ഏഴ് കോളനികളുടെ പുനര്‍വികസനത്തിനും ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനുമായി ഏകദേശം 16,500 മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള തീരുമാനത്തിനെതിരേ ചിപ്‌കോ സമരമാതൃകയില്‍ ഒരുവിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഡോ. കൗശല്‍ കാന്ത് മിശ്ര നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ വിനോദ് ഗോയല്‍, രേഖ പിള്ള എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരേ ഹര്‍ജി നല്‍കാനും കോടതി ഹര്‍ജിക്കാരനോടു നിര്‍ദേശിച്ചു. ജൂലൈ നാലുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
Discussion about this post