തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മാര്‍ക്കറ്റുകളിലും പരിശോധന നടത്തുമെന്നു മന്ത്രി അറിയിച്ചു. എറണാകുളത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ (സിഫ്റ്റ്) പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ച് പ്രാഥമിക പരിശോധന നടത്തുമ്പോള്‍ ഫോര്‍മലിന്റെ അളവു കണ്ടെത്തിയാല്‍ ഉടന്‍ തന്നെ കേസെടുക്കും. സിഫ്റ്റ് ലാബിലുള്ള വിദഗ്ധ പരിശോധനയിലും ഫോര്‍മലിന്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണ്. പല വാഹനങ്ങളിലും എവിടെനിന്നാണ് ഈ മത്സ്യം കൊണ്ടുവരുന്നതെന്ന രേഖകളില്ലാത്തതിനാല്‍ ഡ്രൈവര്‍ക്കെതിരേയും കേസെടുക്കും. മത്സ്യം കയറ്റിവിട്ട സ്ഥലം മുതല്‍ എല്ലാവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസ് ചേംബറില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ശക്തമായ നടപടിയെടുക്കാനാണു മുഖ്യമന്ത്രിയുടെ നിര്‍ദേശമെന്നു മന്ത്രി പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നതാണ്. ആറു മാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പുമായി സഹകരിച്ച്, ബോട്ട് മാര്‍ഗം വരുന്ന മത്സ്യങ്ങളും പരിശോധിക്കുന്നതാണ്. ഇടനിലക്കാര്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഫോര്‍മലിന്‍ കണ്ടെത്തിയ വാഹനങ്ങളിലുള്ള മത്സ്യം എവിടെ നിന്നാണോ കൊണ്ടുവന്നത് ആ സ്ഥലത്ത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനോടൊപ്പം കൊണ്ടുപോയി നശിപ്പിക്കുകയാണു ചെയ്യുന്നത്. ഇത് ഉറപ്പുവരുത്താനായി അതത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണറെയും സ്ഥലത്തെ ഉദ്യോഗസ്ഥനെയും അറിയിക്കുകയും ആ മത്സ്യം എന്തു ചെയ്തുവെന്ന റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്യും. ഫ്രീസറില്ലാതെ വരുന്ന വാഹനങ്ങളിലെ മത്സ്യങ്ങള്‍ ഇവിടെ പിടിച്ചിട്ടാല്‍ അത് അഴുകി കേരളത്തില്‍ പാരിസ്ഥിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post