തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേര്‍ രാജിവച്ച സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍കുന്ന നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്റെ നിലപാട് ഉചിതമല്ല. മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചിട്ടില്ല. കോടതിയാണ് അദ്ദേഹം കുറ്റക്കാനാണോ അല്ലയോ എന്ന് വിധിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ മഞ്ജുവാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ ബുധനാഴ്ച രാജിവച്ചിരുന്നു. നടിമാരായ രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നിവരാണ് രാജിവച്ച മറ്റുള്ളവര്‍. താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്രമിക്കപ്പെട്ട നടി ആരോപിച്ചിരുന്നു.
Discussion about this post