കാട്ടാക്കട : പൂവച്ചല്‍ ഉറിയാക്കോട് കൊണ്ണിയൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ കവര്‍ച്ച. തിരുവാഭരണങ്ങളും സ്വര്‍ണ പൊട്ടും താലിയും പണവും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നാണ് പ്രഥമിക നിഗമനം. രാവിലെ അഞ്ചോടെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരനാണ് കമ്മിറ്റി ഓഫീസ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റിക്കാരെ അറിയിക്കുകയും വൈസ് പ്രസിഡന്റ് ഉദയകുമാര്‍ സ്ഥലത്തെത്തി മോഷണം നടന്നതായി മനസിലാക്കി പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയുമായിരുന്നു. കമ്മിറ്റി ഓഫീസിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഓഫീസിനുള്ളില്‍ മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങളും പതിനാലോളം വരുന്ന സ്വര്‍ണ പൊട്ടുകളും നാലു താലിയും അഞ്ചു കാണിക്ക വഞ്ചികളിലായി ഉണ്ടായിരുന്ന തുകയും മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന ഇരുപത്തി അയ്യായിരത്തോളം രൂപയും ക്ഷേത്രത്തിനു സമീപം പണികള്‍ പൂര്‍ത്തിയായി വരുന്ന കല്യാണ മണ്ഡപത്തിന്റെ ജോലിക്കാര്‍ക്കും മറ്റുമായി സൂക്ഷിച്ചിരുന്ന പണവും ആണ് കവര്‍ന്നത്. കൂടാതെ കിഴക്കേ നടയിലെ കാണിക്ക വഞ്ചി കുത്തി തുറന്നു കവര്‍ച്ച നടത്താന്‍ ശ്രമം നടത്തി. കഴിഞ്ഞ ആഴ്ച്ച ക്ഷേത്രത്തില്‍ വാര്‍ഷിക പൂജ നടന്നിരുന്നു. ഇതിനു ശേഷം ദേവിയുടെ ആഭരണങ്ങള്‍ കമ്മിറ്റി ഓഫീല്‍ ആണ് സൂക്ഷിച്ചിരുന്നത്. നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെ ഏകദേശം ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി ഉദയകുമാര്‍ പറഞ്ഞു. <br> ഈ ക്ഷേത്രത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാനമായ കവര്‍ച്ച നടന്നിരുന്നു. അന്ന് ഇരുപതിനായിരത്തോളം രൂപ നഷ്ടമായി. അന്നത്തെ മോഷ്ടാക്കളെ പോലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനു ശേഷം ക്ഷേത്രത്തിന്റെ പ്രധാന ആര്‍ച്ചിന് സമീപത്തെ കാണിക്ക വഞ്ചി കുത്തിതുറന്ന് കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടിയിരുന്നു. ഇത് മൂന്നാം തവണയാണ് കവര്‍ച്ച നടക്കുന്നത്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post