കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ സ്റ്റേ. ഖനനാനുമതി നല്‍കി കൊണ്ടുള്ള സിംഗില്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. ക്വാറി ഉടമകളുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്ന ആരോപണത്തിനിടെ ക്വാറിയ്ക്ക് സമീപം താമസിക്കുന്നയാള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
അന്തിമവിജ്ഞാപനം വരുന്നത് വരെ കസ്തൂരിരംഗന്‍ വില്ലേജുകളില്‍ ഖനനം തുടങ്ങാനുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അന്തിമവിജ്ഞാപനം വരുന്നതുവരെ 13.11.2013 നവംബര്‍ 13ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നിരോധന ഉത്തരവ് നിലനില്‍ക്കുമെന്ന വാദം അംഗീകരിച്ച ഡിവിഷന്‍ ബെഞ്ച്, ക്വാറികളുടെ അപേക്ഷ പരിഗണിക്കുന്നത് തടയുകയായിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശമായ 123 വില്ലേജുകളിലെ സ്വകാര്യ ഭൂമികളെ ഒഴിവാക്കാനും ഖനനം ആരംഭിക്കാനും അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത് നിരാകരിച്ചു. ഇതേതുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ക്വാറി ഉടമകള്‍ക്ക്, കരട് വിജ്ഞാപനപ്രകാരം അപേക്ഷകള്‍ പരിഗണിക്കണം എന്ന അനുകൂല ഉത്തരവ് ലഭിച്ചിരുന്നു.
ഇതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ ക്വാറി ഉടമകളുമായി ഒത്തുകളിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ക്വാറിയുടെ സമീപ പ്രദേശവാസി അപ്പീല്‍ നല്‍കുകയായിരുന്നു.
Discussion about this post