കൊച്ചി: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം. നടപടിയില്‍ പ്രതിഷേധിച്ച് സമരസമതിയംഗങ്ങളായ അഞ്ചുപേര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതിക്ക് ശ്രമിച്ചു. സമിതിയംഗങ്ങളായ സി.എസ്. മുരളി, സി.ജെ. മാനുവല്‍, വി.സി. ജെന്നി, വി.കെ. വിജയന്‍, കെ.വി. റെജുമോള്‍ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീകൊളുത്തിയത്. അഗ്‌നിശമനസേന ഉടന്‍ ഫോഗ് അടിച്ച് തീയണച്ചതിനാല്‍ വലിയ അപകടമുണ്ടായില്ല. ഇതേതുടര്‍ന്ന് സംഭവസ്ഥലത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തു. പോലീസും സമരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ സമരസമിതിയംഗമായ ഒരു സ്ത്രീയുടെ തലക്ക് പരിക്കേറ്റു. പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ഇന്ന് ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതേുടര്‍ന്നാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയത്. ബാങ്കിന്റെ നടപടികള്‍ക്കെതിരെ പ്രീത ഷാജി പ്രതിഷേധം നടത്തിവരികയായിരുന്നു. ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചിരുന്നു. 292 ദിവസത്തോളമാണ് ഇവര്‍ ചിതയൊരുക്കി പ്രതിഷേധിച്ചത്. 1994-ല്‍ സുഹൃത്തിന് സ്വകാര്യ ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ ഇവര്‍ ജാമ്യം നിന്നത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തത്. വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തില്‍ വിറ്റു നല്‍കി. എന്നാല്‍ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടര്‍ന്നാണ് ഭൂമി ലേലത്തില്‍ വാങ്ങിയയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post