കോട്ടയം: മേഘാലയ മുന്‍ ഗവര്‍ണറും രാജ്യസഭാ മുന്‍ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം.ജേക്കബ്( 90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ പാലാ മരിയന്‍ മെഡി ക്കല്‍ സെന്ററിലാ യിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചകഴിഞ്ഞു രണ്ടിനു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. വീട്ടിലെ ശുശ്രൂഷകള്‍ക്ക് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും പള്ളിയിലെ ശുശ്രൂകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മുഖ്യകാര്‍മികത്വം വഹിക്കും.
പാലാ രാമപുരം മുണ്ടയ്ക്കല്‍ ഉലഹന്നാല്‍ മാത്യു- റോസമ്മ ദന്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് ഒന്പതിനാണ് ജനനം. മഞ്ചാടിമറ്റം പ്രൈമറി സ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. തേവര എസ്എച്ച്, മദ്രാസ് ലയോള, ലക്‌നോ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് രാഷ്ട്ര മീമാംസയില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും ഇന്‍കം ടാക്‌സ് ഡിപ്ലോമയും നേടി. കോണ്‍ഗ്രസിന്റെ രാമപുരം മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്. കോട്ടയത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചു. 1954ല്‍ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. പാലായില്‍നിന്നു രണ്ടു തവണ കെ.എം. മാണിക്കെതിരേ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി അംഗം, കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1982 മുതല്‍ 1994 വരെ രാജ്യസഭാംഗമായി. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം എന്നീ വകുപ്പുകളുടെ മന്ത്രിയായി. നരസിംഹ റാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ശേഷം രാമപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഭാര്യ: പരേതയായ അച്ചാമ്മ തിരുവല്ല കുന്നുതറ കുടുംബാംഗം. മക്കള്‍: ജയ (കേരള ട്രാവല്‍സ് മനേജിംഗ് ഡയറക്ടര്‍, തിരുവനന്തപുരം), ജെസി (ഇന്ത്യന്‍ എംബസി ജര്‍മനി), എലിസബത്ത് (എയര്‍ ഇന്ത്യ, എറണാകുളം). റേയ്ച്ചല്‍ (ചെന്നൈ). മരുമക്കള്‍: കെ.സി. ചന്ദ്രഹാസന്‍ (തിരുവനന്തപുരം), പരേതനായ ബാള്‍ക്ക് റെയ്ഡസ് (ജര്‍മനി), തോമസ് ഏബ്രഹാം (എറണാകുളം), എല്‍ഫന്‍ മാത്യൂസ് (ചെന്നൈ). സഹോദരങ്ങള്‍: പരേതരായ ജോണ്‍ മാത്യു, മാത്യു സക്കറിയാസ്.
Discussion about this post