കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപ് താരസംഘടനയായ അമ്മയ്ക്ക് പുറത്താണെന്നും അയാള്‍ തെറ്റുകാരനല്ലെന്ന് കോടതി വിധി വന്നാല്‍ തിരിച്ചെടുക്കുമെന്നും നടന്‍ മോഹന്‍ലാല്‍. ദിലീപ് വിഷയത്തില്‍ പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ എന്ന സംഘടന ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ്. വ്യക്തിപരമായി താനും ആ പെണ്‍കുട്ടിക്ക് ഒപ്പം തന്നെയാണ്. ഈ സംഭവത്തിന് മുന്‍പോ ശേഷമോ അവരെ മാറ്റിനിര്‍ത്തിയെന്ന് പറയുന്നതൊക്കെ തെറ്റാണ്. കഴിയാവുന്ന സഹായമെല്ലാം താരസംഘടന ചെയ്തു നല്‍കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നടന്ന ഒരു ഷോയിലേക്ക് ആക്രമണത്തിന് ഇരയായ നടിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ വരാന്‍ അവര്‍ താത്പര്യം കാണിച്ചില്ല.
സിനിമയിലെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും അമ്മയോട് പരാതി പറഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ പ്രത്യേക അജണ്ടയുണ്ടായിരുന്നു എന്നൊക്കെ പറയുന്നത് തെറ്റായ കാര്യമാണ്. ഈ വിഷയം ഏറ്റവും ഒടുവില്‍ ചര്‍ച്ച ചെയ്യാനിരുന്നതാണ്. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ ചില അംഗങ്ങള്‍ ഇക്കാര്യം നേരത്തെ ഉന്നയിക്കുകയായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തില്ല. പുറത്താക്കിയതും തിരിച്ചെടുത്തതും ദിലീപിനെ രേഖാമൂലം അറിയിച്ചിരുന്നുമില്ല. കേസ് കഴിയുന്നത് വരെ സംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് തന്നെ വ്യക്താമാക്കിയ സ്ഥിതിക്ക് തങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ട് എന്ത് കാര്യമെന്നും മോഹന്‍ലാല്‍ ചോദിച്ചു. അമ്മയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നത് തെറ്റായിപ്പോയി. അതിന് മുന്‍പ് നടന്ന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലെ സംഭവങ്ങള്‍ കൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. അത് തെറ്റായിപ്പോയെന്നും ഖേദമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് തങ്ങള്‍ക്ക് അന്നുമറിയില്ല, ഇന്നുമറിയില്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അമ്മ പിളരുന്ന സാഹചര്യത്തിലേക്ക് എത്തി. മാത്രമല്ല, ദിലീപ് അംഗമായ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. സംഘടന പിളരാതിരിക്കാനും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് ദിലീപിനെ അമ്മയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോള്‍ ഈ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ബോധ്യമായി. ഇതു സംബന്ധിച്ച് അടുത്തിടെ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചിലര്‍ സൂചിപ്പിക്കുകയും ചെയ്തുവെന്നും ഇതാണ് അദ്ദേഹം സംഘടനയില്‍ തിരിച്ചെത്തിയെന്ന സാചര്യത്തിന് പിന്നിലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post