ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന കേസായതിനാലും വിചാരണ തുടങ്ങാനിരക്കുന്നതിനാലും വീണ്ടും ഒരു അന്വേഷണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, അബ്ദുള്‍ നാസര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ സമാന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി പാട്യാലഹൗസ് കോടതി തരൂരിന് ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഇതിനിടെ, കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തരൂരും പോലീസും ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. സ്വാമിക്ക് കേസുമായി ബന്ധപ്പെടാനുള്ള അവകാശമില്ലെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്റെ വാദം. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ഈ മാസം 26 ലേക്ക് മാറ്റിയിരുന്നു. അതിനിടെയാണ് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം എന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്.
Discussion about this post