ഭരണിക്കാവ്: പുതുതലമുറ കൃഷിയിലേക്ക് ഇറങ്ങണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കറ്റാനം റസ്റ്റ് ഹൗസില്‍ തുടങ്ങിയ കാര്‍ഷിക പ്രദര്‍ശനത്തോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക യുവത്വം ഇന്ന് കൃഷിക്ക് വേണ്ടത്ര പരിഗണ കൊടുക്കുന്നില്ല. ലാഭമില്ലെന്ന് പറഞ്ഞ് കൃഷിയെ ഉപേക്ഷിക്കുന്നവര്‍ അതിനു പകരം കൃഷിയെ എങ്ങനെ ലാഭകരമാക്കാം എന്നാണു ചിന്തിക്കേണ്ടത്. ഇതിനു വേണ്ട എല്ലാ സഹായവും ഹരിതകേരളം പദ്ധതി പ്രകാരം ലഭ്യമാണ്. കാടുപിടിച്ചു കിടന്ന ഒന്നര ഏക്കര്‍ സ്ഥലത്ത് ഇങ്ങനെയൊരു പദ്ധതി കൊണ്ടു വന്നതിലൂടെ അസാധ്യമായതൊന്നുമില്ല എന്നു തെളിയിക്കുകയാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തെന്നും ഇത് ഹരിതകേരളം പദ്ധതിയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ യു.പ്രതിഭ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൃഷിയിലും സംസ്‌കാരത്തിലും സമ്പന്നമായ ഓണാട്ടുകരയിലെ ജനങ്ങളെ വീണ്ടും കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയാണിതെന്നും ഓണാട്ടുകരയിലെ കൃഷി സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. ആര്‍. രാജേഷ് എം.എല്‍.എ. പച്ചക്കറി തൈകളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. 4.56 ലക്ഷം രൂപ ചെലവിലാണ് കാര്‍ഷിക പ്രദര്‍ശനത്തോട്ടം നിര്‍മ്മിച്ചത്. പച്ചക്കറികള്‍, ഫലവൃക്ഷതൈകള്‍, വിവിധം തരം ചെടികള്‍ എന്നിവയുടെ തൈകള്‍ ഇവിടെ ലഭ്യമാണ്. നിലവില്‍ 15,000 തൈകളാണ് വിപണനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
Discussion about this post