തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി. മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ആയിരിക്കും. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി ആണ്. എറണാകുളം ജില്ലയ്ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നത്തെ അവധിക്ക് പകരം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഈ മാസം 21-ാം തീയതി പ്രവൃത്തിദിനമായിരിക്കും. കേരള സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 21 ലേക്ക് മാറ്റി. ആരോഗ്യ സര്‍വ്വകലാശാലയുടെ ഇന്നത്തെ തിയറി പരീക്ഷകളും മാറ്റി വെച്ചു.
Discussion about this post