തിരുവനന്തപുരം: പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്‍േറയും ശക്തമായ നിരയാണ് ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരികം മുതല്‍ സാമ്രാജ്യത്വ അധിനിവേശരംഗത്തുവരെ ഈ ചെറുത്തുനില്‍പ്പ് ദൃശ്യമാണ്. പതിനൊന്നാമത് രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ചിന്താഗതിയെ വലിയതോതില്‍ സ്വാധീനിക്കുന്ന സാന്നിധ്യമായി ഹ്രസ്വചിത്രങ്ങള്‍ മാറിയിട്ടുണ്ട്. ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ശ്രദ്ധേയഘടകം അതിന്റെ രാഷ്ട്രീയമായ ഉള്ളടക്കമാണ്. ഇന്നത്തെ കാലത്തിന്റെ യഥാര്‍ഥ അവസ്ഥകളെ ഹ്രസ്വചിത്രങ്ങള്‍ ധൈര്യമായി വസ്തുതകളിലൂടെ അവതരിപ്പിക്കുന്നു. അത്രയേറെ മതനിരപേക്ഷബോധമുള്ളതുകൊണ്ടാണ് അവര്‍ക്ക് ഇത് വസ്തുതാപരമായി അവതരിപ്പിക്കാനാവുന്നത്. ആനന്ദ് പട്‌വര്‍ധനും രാകേഷ് ശര്‍മയും ഈ വേദി പങ്കിടുന്നത് തന്നെ ഇതിനുദാഹരണമാണ്. ജീവിച്ച കാലത്തോട് അങ്ങേയറ്റം സത്യസന്ധമായി പ്രതികരിക്കുന്ന സിനിമകളാണ് ആനന്ദ് പട്‌വര്‍ധന്‍േറതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അനീതിക്കെതിരെ തുറന്നിരിക്കുന്ന ഇത്തരം ജാഗ്രത്തായ മനസാണ് നാം പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം മേളയുടെ ആദ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്വര്‍ദ്ധന് മുഖ്യമന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. പ്രതീക്ഷയുടെ അവസാന തുരുത്താണ് കേരളമെന്ന് മറുപടി പ്രസംഗത്തില്‍ ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു.
മതങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാതെ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ നില്‍ക്കുന്ന കേരളം രാജ്യത്തിനുതന്നെ പ്രതീക്ഷയുടെ അവസാന തുരുത്താണെന്ന് അദ്ദേഹം പറഞ്ഞു.പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു.
മേള 24 ന് സമാപിക്കും.
Discussion about this post