തിരുവനന്തപുരം: കോവളത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ ഉടന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് ടൂറിസം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൂര്‍ത്തീകരിച്ച ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം കോവളം ഈവ് ബീച്ച് പാര്‍ക്കിംഗ് മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് തന്നെ അറിയപ്പെടുന്ന വിദഗ്ധരെയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തും. ഇതിനായി 56 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കാലതാമസം കൂടാതെ പദ്ധതികളെല്ലാം നടപ്പാക്കും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രാത്രികാലങ്ങളില്‍ ബീച്ചില്‍ വെളിച്ചം ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു. നടപ്പാത നവീകരിക്കുന്നതിന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോവളം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് കാണാവുന്ന രീതിയില്‍ നവീകരണ പ്രവര്‍ത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post