ചെന്നൈ: ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ അഞ്ച് യുവാക്കള്‍ തൂണിലിടിച്ച് മരിച്ചു. ഏഴ് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപമുള്ള മൗണ്ട് സെന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് അത്യന്തം ദാരുണ സംഭവമുണ്ടായത്. മരിച്ചവരെല്ലാം 22-35 വയസിന് ഇടയില്‍ പ്രായമുള്ളവരാണ്.
ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുമാല്‍പുര്‍ സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ മൗണ്ട് സെന്റ് തോമസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കനത്ത തിരക്കായതിനാല്‍ മുപ്പതോളം യാത്രക്കാര്‍ ട്രെയിനിന്റെ വാതില്‍പ്പടികളിലായി യാത്ര ചെയ്തിരുന്നു. മൗണ്ട് സെന്റ് തോമസ് സ്റ്റേഷനിലെ വേഗപ്പാതയിലേക്ക് കയറുന്നതിനിടെ സമീപത്തെ തൂണിന്റെ കൈവരിയില്‍ ഇടിച്ചു യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പത്തോളം യാത്രക്കാരാണ് പുറത്തേക്ക് വീണത്. ഇതില്‍ രണ്ടു പേര്‍ ട്രെയിനിനടിയില്‍ പെട്ട് തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.
അപകടത്തിന് പിന്നാലെ ട്രെയിനിനുള്ളില്‍ യാത്ര ചെയ്തിരുന്നവര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. പരിക്കേറ്റവരെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റെയില്‍വേയും തമിഴ്‌നാട് സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post