ആലപ്പുഴ: കുട്ടനാട്ടില്‍ പച്ചക്കറി ക്ഷാമം നേരിടുന്ന ക്യാമ്പുകളില്‍ ബോട്ടുകളില്‍ പച്ചക്കറി എത്തിച്ചുതുടങ്ങിയതായും പാചക വാതക സിലണ്ടറുകള്‍ കൃത്യമായി ക്യാമ്പില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കുട്ടനാട്ടിലേയും അമ്പലപ്പുഴയിലേയും വെള്ളക്കെടുതി നേരിടുന്ന ക്യാമ്പുകളും ഗ്രീവല്‍ സെന്ററുകളും സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ മികച്ച ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ക്യാമ്പംഗങ്ങള്‍ തന്നോട് പറഞ്ഞതായും മന്ത്രി പറഞ്ഞു.
വൈദ്യസഹായം, മെഡിക്കല്‍ ആംബുലന്‍സ്, ജല ആംബുലന്‍സ്, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങീ സര്‍ക്കാരിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ജില്ല ഭരണകൂടം നടത്തുന്നുണ്ട്. ഒരു ലക്ഷം പേര്‍ ക്യാമ്പില്‍ താമസിക്കുമ്പോള്‍ ചെറിയ പരാതികള്‍ ഉയരുന്നത് സ്വാഭാവികം. മന്ത്രിമാര്‍ കുട്ടനാട്ടില്‍ താമസിക്കുന്നതിലല്ല കാര്യമെന്നും ജനങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതാണ് അവരുടെ ജോലിയെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മഴക്കെടുതി സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. കുട്ടനാടന്‍ മേഖലകളില്‍ കൂടുതല്‍ യാത്ര ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളമിറങ്ങിയാലുടന്‍ സൗജന്യ റേഷന്‍ അനുവദിക്കും. ക്യാമ്പുകളില്‍ ഭക്ഷണവിതരണം ഉള്ളതിനാല്‍ അവിടെ ഇപ്പോള്‍ സൗജന്യറേഷന്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളമിറങ്ങിയാലുടന്‍ മികച്ച രീതിയില്‍ പുനസ്ഥാപിക്കും. അമ്പലപ്പുഴ, കഞ്ഞിപ്പാടം ,നെടുമുടി, കൈനകരി ഭാഗങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കേന്ദ്രസഹായം കുറവാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആ കുറവ് പരിഹരിക്കും. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അധികം തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടം കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post