തിരുവനന്തപുരം: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം വിജയം. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. സമചിത്തതയോടെ എസ്.എസ്.എല്‍.സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. കോട്ടയം ജില്ല 97.02 ശതമാനം വിജയവുമായി ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. 96.26 ശതമാനം വിജയം നേടിയ കണ്ണൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ല 85.93 ശതമാനം വിജയവുമായി ഏറ്റവും പിന്നിലായി. കൊല്ലം ജില്ലയില്‍ വിജയശതമാനം കുറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍ 82.25 ശതമാനം ഉപരിപഠന യോഗ്യതനേടി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 80.9 4ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത ലഭിച്ചു. ഒ.ബി.സി വിഭാഗത്തില്‍ 91.36 ശതമാനമാണ് വിജയം. 29 സ്‌കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു. സംസ്ഥനത്തെ എല്ലാ സ്‌കൂളുകളും 50 ശതമാനത്തിനുമേല്‍ വിജയം നേടി.90.72 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് ഈവര്‍ഷം മുതല്‍ സി.വി.രാമന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാധാരണയായി മെയ്മാസത്തിലാണ് ഫലം പ്രഖ്യാപിക്കുക. ആദ്യമായാണ് ഏപ്രിലില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കുന്നത്.ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2732 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458559 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും പരീക്ഷയെഴുതിയിരുന്നു.
Discussion about this post