തിരുവനന്തപുരം: മൂന്നാമത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസിനോടനുബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തിയില്‍ എഞ്ചിനീയറിംഗ് പ്രദര്‍ശനമേളയ്ക്ക് തുടക്കമായി. കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
നിര്‍മാണമേഖലയില്‍ ലോകത്തില്‍ എവിടെയുമുള്ള നൂതന സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കാവുന്നതാണെങ്കില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നിര്‍മാണരംഗത്ത് ആധുനികവും തദ്ദേശീയവുമായ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന പുതിയ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം, സ്വാഭാവിക റബ്ബര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വകുപ്പിന്റെ വിശ്വാസ്യതയും വര്‍ധിക്കുന്നുണ്ട്.
കേരളത്തില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പരിപ്രേക്ഷ്യമാണ് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള എക്‌സിബിഷന്‍. നിര്‍മാണരംഗത്തെ വൈവിധ്യം, ശക്തി, സാമൂഹികലക്ഷ്യം എന്നിവ ലോകത്തിന് കാണിച്ച് കാണിച്ചുനല്‍കും. കൂടാതെ, ഇക്കാര്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നല്‍കും. എഞ്ചിനീയറിംഗ് വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തി സമര്‍ഥരായ എഞ്ചിനീയര്‍മാരെ വളര്‍ത്തുകയാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിനുണ്ടായിരുന്ന ദുഷ്‌പേര് മാറ്റുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള നല്ല പുരോഗതിയാണ് നിര്‍മാണരംഗത്തുണ്ടാകുന്നതെന്നും സിവില്‍ എഞ്ചിനീയര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, നിരത്തുകളും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എന്‍. ജീവരാജ്, റോഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ബി.എസ്. ത്രിവിക്രമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൊതുമരാമത്ത് വകുപ്പിലെ വിവിധ വിഭാഗങ്ങള്‍, നിര്‍മാണ മേഖലയില്‍ വിവിധ സ്ഥാപനങ്ങള്‍, എഞ്ചിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടെയുള്ളവരുടെ നൂതനങ്ങളായ ഉത്പന്നങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളിച്ച സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. എക്‌സിബിഷനും എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസും 29ന് സമാപിക്കും.
Discussion about this post