ആലപ്പുഴ: വീടുകള്‍ പൂര്‍ണമായും ശുചിയായെന്നുറപ്പാക്കാതെ ക്യാമ്പുകളില്‍ നിന്ന് ആരും വീടുകളിലേക്കു മടങ്ങരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ക്യാമ്പുകളില്‍ നിന്ന് മടങ്ങിപ്പോകണമെന്ന തരത്തില്‍ ചില ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പറയുന്നതായി ക്യാമ്പ് സന്ദര്‍ശനവേളയില്‍ പരാതി ഉയര്‍ന്നിരുന്നു. ആരോഗ്യപരിപാലനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ശുചീകരണം നടത്താതെ വീടുകളിലേക്കു മടങ്ങിയാല്‍ വലിയ പ്രശ്‌നത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആരോഗ്യരംഗത്ത് നാം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിനൊപ്പം അടുത്ത ഒരു മാസം കൂടി മെഡിക്കല്‍സംഘം അവിടെ നിലയുറപ്പിക്കണമെന്നും ഓരോ വാര്‍ഡിനും ഓരോ സംഘത്തിന് ചുമതല നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
മട വീണയിടങ്ങളില്‍ രണ്ടാഴ്ചയ്ക്കകം കൃഷിവകുപ്പ് എഞ്ചിനിയറിങ് വിഭാഗം അവ പുനസ്ഥാപിക്കും. ഇതിനാവശ്യമായ തുക മുന്‍കൂറായി ഇതിനകം നല്‍കിയിട്ടുണ്ട്. ജില്ല കളക്ടര്‍ നേരിട്ട് ഇടപെട്ട് പാടശേഖരസമതികളെ പ്രവര്‍ത്തന സജ്ജമാക്കണമെന്നും കരാര്‍ എടുത്തവര്‍ മുങ്ങി നടന്നാല്‍ അറസ്റ്റുചെയ്തായാലും പണി നടത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1.16 കോടി രൂപയാണ് ഇതിനായി മുന്‍കൂറായി നല്‍കിയിട്ടുള്ളത്. ഈ തുക പോരാതെ വന്നാല്‍ ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും എല്ലാ മടയും കുത്താന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കുട്ടനാട് പല ക്യാമ്പുകളിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്ന് പരാതിയുണ്ട്. മുട്ടാര്‍, ചമ്പക്കുളം പഞ്ചായത്തുകളില്‍ പ്ഞ്ചായത്ത് ഭരണസമതികള്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം. ഭരനേതൃത്വം കാര്യപ്രാപ്തിയില്ലാത്ത പഞ്ചായത്തുകളിലാണ് ചില പ്രശ്‌നങ്ങള്‍. കുട്ടനാട്ടിലല്ലാതെ മറ്റൊരിടത്തും ഈ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയ മന്ത്രി മുമ്പൊരിക്കലും കാണാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് ദുരിതാശ്വാസമേഖലയില്‍ സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നതെന്നും പറഞ്ഞു.
യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എസ്.സുഹാസ്, ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍, എ.ഡി.എം. ഐ.അബ്ദുള്‍ സലാം, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post