തിരുവനന്തപുരം: ഗവേഷണഫലങ്ങള്‍ സമൂഹത്തിലേക്ക് പ്രായോഗികതലത്തില്‍ എത്താനുള്ള സുഗമമായ സാഹചര്യം വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടന്ന കേരള അക്കാദമി ഓഫ് സയന്‍സസിന്റെ ഫെലോഷിപ്പ് സമര്‍പ്പണചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ആരോഗ്യരംഗത്തെയുള്‍പ്പെടെ ഗവേഷണഫലങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം പ്രയോഗികതലത്തിലെത്തുന്നതിലെ കാലതാമസം പ്രശ്‌നമാണ്. വര്‍ക്ക്ബഞ്ചുകളില്‍നിന്ന് പുറത്തേക്ക് വരുന്ന ഗവേഷണങ്ങള്‍ കുറവാണ്. ശാസ്ത്രപുരോഗതിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധവും കുറവാണ്. ഇതുപരിഹരിക്കാന്‍ ശാസ്ത്രജ്ഞര്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
തങ്ങളുടെ ഗവേഷണവിഷയങ്ങളിലെ പ്രാഗത്ഭ്യത്തിലൂടെ രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഫെലോഷിപ്പ് നേടിയ ശാസ്ത്രജ്ഞര്‍. വിദ്യാര്‍ഥികള്‍ ഇവരെ പാഠമാക്കി ഏതു വിഷയത്തിലായാലും പരിശ്രമത്തിലൂടെ ഉന്നതങ്ങളില്‍ എത്താന്‍ ശ്രമിക്കണം.
മികച്ച ആരോഗ്യ, വിജ്ഞാന സൗകര്യങ്ങളൊരുക്കി മനുഷ്യവികസനത്തിനുതകുന്ന കണ്ടുപിടിത്തങ്ങള്‍ക്കും ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ക്കും വഴിയൊരുക്കാനാവുന്നവരാണ് ഇത്തരം ഗവേഷകരെന്നത് പ്രത്യാശയുണര്‍ത്തുന്നു. രോഗങ്ങളുടെ ഉന്‍മൂലനത്തിന് സഹായിച്ച ശാസ്ത്രപുരോഗതി വിസ്മരിക്കാനാകില്ല. പുതുതായി വരുന്ന വന്‍രോഗങ്ങള്‍ കണ്ടെത്താനാവുകയെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ക്കാണ് ഓണററി ഫെലോഷിപ്പ് ഗവര്‍ണര്‍ സമര്‍പ്പിച്ചത്.
ശാ്‌സത്രജ്ഞരായ ഡോ. ആനി എബ്രഹാം, ഡോ. ബിബിന്‍ ജോണ്‍, ഡോ.എം. ഹരിദാസ്, ഡോ. പി.വി. മധുസൂദനന്‍, ഡോ. ബി. മോഹന്‍കുമാര്‍, ഡോ. ആര്‍.എം. മുത്തയ്യ, ഡോ. എന്‍.എസ്. പ്രദീപ്, ഡോ. റൂബി ആന്‍േറാ ജോണ്‍, ഡോ. എ. സാബു, ഡോ. വി.ബി.സമീര്‍ കുമാര്‍ എന്നിവരും ഫെലോഷിപ്പ് ഏറ്റുവാങ്ങി.
Discussion about this post