തിരുവനന്തപുരം: സംയോജിത കൃഷി സമ്പ്രദായത്തിലൂടെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്തണമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രത്തിലെ നിറപുത്തരി കൊയ്ത്തുത്സവം 2018 ന്റെയും ഹരിതഭവനം പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായകമായെന്ന് മന്ത്രി പറഞ്ഞു. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരികയാണ്. ഇതിലൂടെ കാര്‍ഷികസംസ്‌കാരത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തോരാതെ പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നറിയുന്നതില്‍ ദു:ഖമുണ്ടെങ്കിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post