തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന-ജില്ലാ തല ബാങ്കേഴ്‌സ് സമിതി ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികള്‍ ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയില്‍ തകര്‍ന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് മേഖലയിലെ ജനങ്ങള്‍ക്ക് വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ ബില്ലുകള്‍ അടയ്ക്കുന്നതിന് അടുത്ത ജനുവരി വരെ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post