തിരുവനന്തപുരം: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ഭക്ഷണസാധനങ്ങള്‍, തെര്‍മോകോള്‍ പാത്രങ്ങള്‍, മിനറല്‍ വാട്ടര്‍ കുപ്പികള്‍ തുടങ്ങിയവ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ കൊണ്ടുവരികയോ, വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ല. ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ കുടിവെള്ളം സ്റ്റീല്‍ ഗ്ലാസുകളില്‍ നല്‍കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
സ്‌നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സമുദ്രതീരങ്ങളില്‍ ലൈഫ്ഗാര്‍ഡുമാരുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സേവനം ഉറപ്പ് വരുത്തും. അപകടമേഖലകളില്‍ വടം കെട്ടി തിരിക്കും. രൂക്ഷമായ കടലാക്രമണത്തില്‍ തീരം നഷ്ടമായ ശംഖുമുഖത്ത് ബലിതര്‍പ്പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ശംഖുമുഖം, വര്‍ക്കല, ആലുവ, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ മുന്‍കരുതല്‍ വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.
ബലിതര്‍പ്പണ ദിവസം പുലര്‍ച്ചെ തന്നെ ബലിതര്‍പ്പണകേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. യോഗത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍എ, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി ശങ്കരദാസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post