തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേന ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്രത്തില്‍നിന്ന് ആര്‍മി, എന്‍.ഡി.ആര്‍.എഫ്, ആര്‍മി എഞ്ചിനീയറിംഗ് കോര്‍ തുടങ്ങിയവയുടെ കൂടുതല്‍ സേനകളെ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെ ആവശ്യമുള്ള സ്ഥലത്ത് ആളുകെളയും ഉപകരണങ്ങളും എത്തിക്കാന്‍ സി 17 വിമാനങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭ്യമാക്കാനുള്ള അനുകൂല തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് അറിയിച്ചതനുസരിച്ച് ലഭ്യമാക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ സഹായത്തോടെയും കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും. ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്തും ബോട്ടുകള്‍ എത്തിക്കും.
നേവിയും ആര്‍മിയും സമീപ സംസ്ഥാനങ്ങളും നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. മഴക്കെടുതിക്കൊപ്പം ഉരുള്‍പൊട്ടലും കൂടി വന്നതോടെ ജീവഹാനിയും നാശനഷ്ടവും വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ എല്ലാവരുടെയും ജാഗ്രതയും ശ്രദ്ധയും വേണം. സഹകരിക്കാന്‍ എല്ലാവരും തയാറാകണം. അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കാന്‍ തയാറാകണം. ജീവന്‍ രക്ഷിക്കുകയാണ് പ്രധാനം.
പമ്പയിലും വെള്ളപ്പൊക്കമായതിനാല്‍ റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഭീഷണിയാണ്. ഈ മേഖലയില്‍ കൂടുതല്‍ ബോട്ട് എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇടുക്കിയിലും ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ ഇടുക്കി ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് വിടേണ്ടിവരും. ഇത് ആലുവ ഭാഗത്തേക്ക് വരുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശവും മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. ചാലക്കുടിപുഴയില്‍ പൊങ്ങിയ വെള്ളം കുറഞ്ഞുവരുന്നുണ്ട്. കുട്ടനാട്ടില്‍ ഇപ്പോള്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പ്രശ്നം കുറവാണെങ്കിലും വെള്ളം കൂടിയാല്‍ നേരിടാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ബുധനാഴ്ച രാവിലെയും വൈകിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സര്‍ക്കാരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരും ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലകളില്‍ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവസ്ഥയായതിനാല്‍ അവരെ സഹായിക്കാന്‍ പ്രത്യേകമായി ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഏകോപിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
ക്യാമ്പുകളില്‍ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ആവശ്യമായ ജനറേറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളിലാണ് കൂടുതലായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കല്യാണമണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post