തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്നു തന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുങ്ങി കിടക്കുന്നവരുടെ കണക്കുകള്‍ ശേഖരിച്ചുവരികയാണ്. ഇന്നുതന്നെ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താനാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും ശ്രമിച്ചുവരുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതരാമനുമായും ഇന്ന് രാവിലെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും കേന്ദ്രമന്ത്രി കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിത മേഖലയിലേക്ക് ഇന്ന് രാവിലെ തന്നെ കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസത്തിനിടെ സംസ്ഥാനത്ത് 164 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 1,568 ക്യാന്പുകളിലായി 2,23,000 പേര്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍, ചാലക്കുടി, ആലുവ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതം അനുഭവിക്കുന്നത്. ദുരിതാശ്വാസ ക്യാന്പുകളില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിത മേഖലയിലെ വിവരങ്ങള്‍ ഓരോ മണിക്കൂറിലും നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ നാല് മണിക്കൂറിലും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വരും ദിവസങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഒഴിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കണമെന്നും കൂടുതല്‍ ദുരിതം ഒഴിവാക്കാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കര, നാവിക, വ്യോമ സേനകളും ദുരന്തനിവാരണ സേനകളും തുടങ്ങി എല്ലാവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്‍ഡിആര്‍എഫ് ഇതിനകം 1,500 പേരെയും നാവിക സേന 400 പേരെയും രക്ഷിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസംസ്‌കരണ വിഭാഗങ്ങള്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ക്യാന്പുകളിലും മറ്റും ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post