കോട്ടയം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തെ അപേക്ഷിച്ച പല സ്ഥലങ്ങളിലും ഇന്ന് രാവിലെ കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ജലസംഭരണികളിലും വെള്ളത്തിന്റെ അളവ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജലസംഭരണികളിലേക്ക് ഒഴുക്ക് ശക്തമായി തുടരുകയാണ്. കേരളത്തില്‍ കനത്ത മഴ പെയ്യാന്‍ കാരണമായ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് തീരത്തേക്ക് മാറിയതാണ് മഴ കുറയാന്‍ കാരണമായത്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴ വലിയ തോതില്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. മഴ കുറഞ്ഞെങ്കിലും പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുയാണ്. ചാലക്കുടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ആലുവയിലും സമാന സ്ഥിതിയാണ്. എന്നാല്‍ മൂവാറ്റുപുഴയില്‍ ജലനിരപ്പ് കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ആശങ്കാജനകമായ സ്ഥിതിയുള്ളത്.
Discussion about this post