ന്യൂഡല്‍ഹി: കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കുമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയോട് വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു. ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഉപസമിതിയും ചേര്‍ന്ന യോഗമാണ് വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. കേരള-തമിഴനാട് ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ വെള്ളം എങ്ങോട്ട് തുറന്നുവിടണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കണമോ അതോ സ്പില്‍വേയിലൂടെ ചെറുതോണിയിലേക്ക് വെള്ളം ഒഴുക്കണമോ എന്ന് സമിതി ചര്‍ച്ച ചെയ്തു തീരുമാനിക്കും. കഴിഞ്ഞ ദിവസം കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ വിളിച്ച ഉന്നത യോഗത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്തത്. മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ ജലകമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചിരുന്നു.
Discussion about this post