ചെങ്ങന്നൂര്‍: മഴക്കെടുതിയില്‍ വലയുന്ന ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍. ഇവിടെ പല കെട്ടിടങ്ങളുടേയും രണ്ടാം നിലയില്‍ മുകള്‍നിലയിലും നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നാലു ദിവസത്തോളമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണിവര്‍. പല ആളുകളെ കുറിച്ചും വിവരമില്ല. ഇവിടെ വൈദ്യുതിബന്ധം പൂര്‍ണമായി തകരാറിലായിരിക്കുകയാണ്. ഫോണ്‍ബന്ധവും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതോടെ ആളുകളെ ബന്ധപ്പെടാന്‍ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. നാട്ടുകാര്‍ സഹായികളായി കൂടെ ചെല്ലുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അതിവേഗം നടക്കുന്നുണ്ട്.
ഒറ്റപ്പെട്ട് കിടക്കുന്നവരെ കണ്ടെത്തുന്നതിനായി നാല് ഹെലികോപ്റ്ററുകള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഭക്ഷണം എത്തിക്കാനും ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
അതേസമയം പാണ്ടനാട് കുടുങ്ങിപ്പോയ 200 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പാണ്ടനാട് ഭാഗത്ത് നിന്നും അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post